കോട്ടയത്തെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു.  കോട്ടയം ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ആണ് പ്രഖ്യാപനം നടത്തിയത്.

കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

2021ൽ ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത ആദ്യതീരുമാനമാണ് 2025 നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുകയെന്നത്. അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നത്. കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സർവേയിൽ 64006 കുടുംബങ്ങളെ അതിദാരിദ്യമനുഭവിക്കുന്നവരായി കണ്ടെത്തി. എന്താണ് അവരുടെ പ്രശ്‌നങ്ങളെന്നും കണ്ടെത്തി. ഓരോ കുടുംബത്തിനും ഓരോ മൈക്രോ പ്ലാൻ തയ്യാറാക്കി പ്രവർത്തിച്ചു. ഇക്കാര്യങ്ങളിലെല്ലാം കോട്ടയം മുന്നിലായിരുന്നു. സർവേയിൽ കണ്ടെത്തിയവരിൽ 93 ശതമാനശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.