ആരോഗ്യരംഗത്തെ മറ്റൊരു കേരള മോഡൽകൂടി ലോകശ്രദ്ധ നേടുന്നു. ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും തടയാൻ നടത്തുന്ന പ്രവർത്തനങ്ങളാണ് അന്തർദേശീയ ശ്രദ്ധയും പ്രശംസയും നേടുന്നത്. ‘ആൻറിമൈക്രോബിയൽ റെസിസ്റ്റൻസിൽ കേരളത്തിന്റെ അനുഭവം‘ എന്ന ലേഖനം സൊസൈറ്റി ഫോർ ഹെൽത്ത് കെയർ എപിഡമിയോളജി ഓഫ് അമേരിക്കയുടെ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. സർക്കാറിന്റെ നയവും നിലപാടും പ്രതിബദ്ധതയും എങ്ങനെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നുവെന്ന് ലേഖനത്തിൽ വിശദീകരിക്കുന്നു. ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം രോഗാണുക്കൾ മരുന്നിനുമേൽ ആർജിക്കുന്ന പ്രതിരോധമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് . ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നത്. മരുന്ന് ഫലിക്കാതായാൽ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ ഉയരും. ആന്റിബയോട്ടിക് പ്രതിരോധംമൂലം ഒരുവർഷം ലോകത്ത് 10 ലക്ഷം ആളുകൾ മരിക്കുന്നതായാണ് കണക്കാക്കുന്നത്.
ആരോഗ്യരംഗത്തെ മറ്റൊരു കേരള മോഡൽകൂടി ലോകശ്രദ്ധ നേടുന്നു
