ദാമ്പത്യത്തര്‍ക്കങ്ങളില്‍ സുരക്ഷാമാര്‍ഗരേഖ ശരിവെച്ച് സുപ്രീംകോടതി

ദാമ്പത്യത്തര്‍ക്കങ്ങളില്‍ അലഹാബാദ് ഹൈക്കോടതി തയ്യാറാക്കിയ സുരക്ഷാമാര്‍ഗരേഖ ശരിവെച്ച് സുപ്രീംകോടതി. സ്ത്രീയുടെ പരാതി ലഭിച്ചയുടന്‍ അറസ്റ്റിലേക്കുനീങ്ങാതെ രണ്ടുമാസത്തെ ‘കൂളിങ് ഓഫ് പീരിയഡ്’ നല്‍കുകയും അതിനിടെ വിഷയം കുടുംബക്ഷേമസമിതിക്ക് വിടുകയും വേണമെന്നതാണ് പ്രധന നിര്‍ദേശം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498-എ വകുപ്പിന്റെ ദുരുപയോഗം തടയാന്‍ അലഹാബാദ് ഹൈക്കോടതി 2022 ജൂണ്‍ 13-ന് ഇറക്കിയ മാര്‍ഗരേഖയാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് ശരിവെച്ചത്. ഉത്തര്‍പ്രദേശിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് കേസിലെ പരാതിക്കാരി. ആറ് ക്രിമിനല്‍ക്കേസുകളാണ് ഇവര്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവും ഭര്‍ത്തൃപിതാവും നൂറുദിവസത്തിലേറെ ജയിലില്‍ക്കിടന്നു. പരാതി വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പരാതിക്കാരി പരസ്യമായി മാപ്പുപറയണം ഭര്‍ത്താവിനും ഭര്‍ത്തൃവീട്ടുകാര്‍ക്കുമെതിരേ വ്യാജപരാതി നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥയും വീട്ടുകാരും മാപ്പുപറഞ്ഞുകൊണ്ട് ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ പരസ്യം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സാമൂഹികമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയവയിലും മാപ്പപേക്ഷ പങ്കുവെക്കണം.