ജാതി-മത വേർതിരിവുകൾക്കതീതമായി മനുഷ്യമനസ്സുകളുടെ ഒരുമയാണ് ഇന്ത്യ എന്ന വികാരത്തിന്റെ അടിത്തറയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 79 -ാം സ്വാതന്ത്യദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ പരിരക്ഷിച്ചു ശക്തിപ്പെടുത്തി നാം മുമ്പോട്ടുപോകും.
സ്വാതന്ത്ര്യം ലഭിച്ചിട്ട് 78 വർഷമാകുന്ന ഈ വേളയിൽ സ്വാതന്ത്ര്യത്തിന്റെ എട്ടാം പതിറ്റാണ്ടിലേക്ക് നാം മെല്ലെ നീങ്ങുകയാണ്. ഇത് തീരെ ചെറിയ ഒരു കാലയളവല്ല. ഒരു രാഷ്ട്രത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിൽപ്പോലും രാഷ്ട്രീയ ഇച്ഛാശക്തിക്കനുസരിച്ച് മാറ്റിയെടുക്കാൻ മതിയായ കാലയളവാണത്. ഒരുപാടു കാര്യങ്ങളിൽ മുമ്പോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. പല മേഖലകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങളെ ക്കുറിച്ച് ജനങ്ങൾക്കാകെ അഭിമാനമുണ്ട്. എന്നാൽ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ മറ്റ് തലങ്ങളെക്കുറിച്ചു വിസ്മരിച്ചുകൂടാ. നാം അവയെ കുറിച്ച് ചിന്തിക്കാൻ കൂടി പ്രേരകമാവണം സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങ്.
സമഗ്രവും പൂർണവും പുരോഗമനോന്മുഖവുമായി രാഷ്ട്രത്തെ മാറ്റുക എന്ന സ്വപ്നം സഫലമായോ എന്ന് ചിന്തിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വരും പതിറ്റാണ്ടുകളെ എങ്ങനെ സമീപിക്കാമെന്ന ആലോചനകൾക്കു തെളിച്ചം കിട്ടുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷിത്വം വരിച്ചവരുണ്ട്. ഒരുപാട് വേദനകൾ പങ്കെടുത്തു സഹിച്ച് ത്യാഗപൂർവം ജീവച്ഛവങ്ങളായി ജീവിച്ചുമരിച്ചവരുണ്ട്. അവരുടെയൊക്കെ സ്വപ്നങ്ങളിൽ ഒരു ഇന്ത്യയുണ്ടായിരുന്നു. അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

