തൃശ്ശൂര്‍ പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മൃഗശാലകള്‍ വിനോദത്തിന് മാത്രമുള്ള ഉപാധിയല്ല, പ്രകൃതിയെ അടുത്തറിയുന്നതിനും വിജ്ഞാനം സമ്പാദിക്കുന്നതിനും ഉതകുന്ന ഇടങ്ങളായി അവ മാറുകയാണെന്ന് മുഖ്യമന്ത്രി. പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ച ഡിസൈനര്‍ സൂവിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ് പ്രകൃതിയോടും പ്രകൃതി സംരക്ഷണത്തിനോടും നമുക്കുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുവോളജിക്കല്‍ പാര്‍ക്കിലെ ജല സംരക്ഷണം, ജല പുനരുപയോഗം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമായ മാതൃകകള്‍ ഇവിടെയുണ്ട്. വികസന പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിച്ചു നീക്കേണ്ടി വന്നാല്‍ പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന നിലപാടോടെയാണ് നാം മുന്നോട്ട് പോകുന്നത്. ഇവിടെയും അത്തരത്തിലുള്ള ഇടപെടല്‍ സാധ്യമായിട്ടുണ്ട്. ഒരു പദ്ധതി തുടങ്ങുമ്പോള്‍ അത് പ്രകൃതിക്ക് ഇണങ്ങുന്നതായിരിക്കണം സുസ്ഥിരവുമായിരിക്കണം ഇതാണ് സംസ്ഥാനത്തിന്റെ നിലപാട്. അതാണ് തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലൂടെ പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദീര്‍ഘകാലത്തെ തൃശ്ശൂര്‍ നിവാസികളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്നിവിടെ പൂവണിഞ്ഞത്. 2016-2021 കാലത്ത് അധികാരത്തില്‍ വന്ന ഗവണ്‍മെന്റിന്റെ തുടര്‍ഭരണം ജനങ്ങള്‍ സമ്മാനച്ചതിന്റെ ഭാഗമായാണ് ഇത്തരം വികസനം സാധ്യമായത്. നമ്മുടെ നാടിന് പല ദുരനുഭവങ്ങളും ഉണ്ട്. ഒരുകാലത്ത് ആരംഭിച്ച വികസന പ്രവര്‍ത്തനം പിന്നീട് ഒരു ഘട്ടത്തില്‍ സ്തംഭിച്ചു പോകുന്നത് നാം കണ്ടിട്ടുണ്ട്. ആ ഒരു വിഷമസ്ഥിതി തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നാണ് നാം കാണേണ്ടത്. കിഫ്ബി പദ്ധതി നിലവില്‍ വന്നതിനുശേഷമാണ് വിവിധ പദ്ധതികളിലായി ഫണ്ട് ഉപയോഗിക്കാന്‍ സാധ്യമായത്. കിഫ്ബി മുഖേന 341 കോടി രൂപ ഇതിനായി ചെലവാക്കി. കിഫ്ബി കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസന രംഗത്ത് വലിയ തോതില്‍ സഹായം തരാന്‍ തയ്യാറായ സംവിധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ പല ദുരന്ത സമയത്തും ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നത്. പശ്ചാത്തല സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലയിലും വികസനമാണ് സാധ്യമായത്. സംസ്ഥാനത്ത് ഉണ്ടായ വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് സുവോളജിക്കല്‍ യഥാര്‍ത്ഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതാണ്ട് നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പുത്തൂരില്‍ ഈ സുവോളജിക്കല്‍ പാര്‍ക്ക് തുറക്കുന്നതെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ഇന്ന് കാണുന്ന വിധത്തില്‍ 336 ഏക്കര്‍ സ്ഥലത്ത് 371 കോടി രൂപ മുതല്‍ മുടക്കി 23 ആവാസ ഇടങ്ങളും ഏഴ് ആവാസ വ്യവസ്ഥകളുമായി ലോകത്തെ അത്ഭുത പെടുത്തുന്ന വിധത്തില്‍ നിര്‍മ്മിച്ച കേവലം ഒരു മൃഗശാലയല്ലാതെ ഒരു പ്രകൃതി പഠനശാല തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്ന പേരില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാര്‍ കൊണ്ടുവന്ന കിഫ്ബി പദ്ധതി കാരണമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ സൂവോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളെക്കുറിച്ചും പാര്‍ക്കിന്റെ പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ അതിവേഗം കുതിച്ച് കേരളത്തെ ലോകത്തിന്റെ നെറുകയില്‍ അവതരിപ്പിക്കാനുള്ള പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനായി പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

