പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയ്ക്കും തുടക്കം കുറിച്ചു. പദ്ധതിയുടേയും എന്റോള്‍മെന്റിന്റേയും ഉദ്ഘാടനവും നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഞ്ചും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു. നോര്‍ക്ക കെയര്‍ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയെന്നും പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് നാലു മാസങ്ങള്‍ക്കകം പതിനായിരത്തോളം പോളിസി ഉടമകള്‍ക്കായി ഇതുവരെ 88 കോടി രൂപയിലധികം ക്ലെയിമിനത്തില്‍ നല്‍കാനായി. ലോകത്ത് പ്രവാസി സമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് നോര്‍ക്ക കെയറെന്ന് നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പറഞ്ഞു. 18 മുതല്‍ 70 വയസ്സുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐഡിയോ സ്റ്റുഡന്റ് ഐഡിയോ എന്‍.ആര്.കെ ഐഡിയോ ഉളള പ്രവാസി കേരളീയര്‍ക്കാണ് എന്റോള്‍ ചെയ്യാനാകുക.
10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ 80 വയസുവരെയുളള മാതാപിതാക്കളേയും ഉള്‍പ്പെടുത്താനാകും. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിച്ചോ (www.norkaroots.kerala.gov.in) നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ 2026 ഏപ്രില്‍ 12 വരെ എന്റോള്‍ ചെയ്യാവുന്നതാണ്. ഈ കാലയളവില്‍ എന്റോള്‍ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രില്‍ 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് പോളിസി കാലയളവ്.
അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെയുളള ഏഴ് വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസ്സില്‍ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 2025 സെപ്റ്റംബര്‍ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്റോള്‍മെന്റില്‍ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങളാണ് എന്റോള്‍ ചെയ്തത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.norkaroots.kerala.gov.in സന്ദര്‍ശിക്കുകയോ 1800 2022 502, +91 9364084961, +91 93104 43880 (ഡല്‍ഹി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

