കെഎസ്ആര്‍ടിസി സൗജന്യ യാത്ര: ബാധ്യത സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറി

യു.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനക്ഷേമ പദ്ധതിയായ കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് അനുവദിക്കപ്പെടുമ്പോഴുള്ള സാമ്പത്തിക നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പ് സര്‍ക്കാരിന് കൈമാറി. മൂന്നു മാസത്തെ കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്.

കെ.എസ്.ആര്‍.ടിസിക്ക് ആകെയുള്ള ബസുകളുടെ എണ്ണം 5280 ആണ്. ഇതില്‍ 3200 ബസുകള്‍ ഓര്‍ഡിനറി ആണെങ്കിലും അവയില്‍ 2700 ബസുകളാണ് സര്‍വ്വീസിന് അയക്കുന്നത്. ഓര്‍ഡിനറി ബസുകളില്‍ 50 ശതമാനത്തിലേറെയും സ്ത്രീ യാത്രികരാണ്. സൗജന്യ പദ്ധതി നടപ്പിലാകാന്‍ തുടങ്ങിയാല്‍ ഇത് 60 ശതമാനമായി ഉയരും.

ഓര്‍ഡിനറി ബസില്‍ മാത്രം സൗജന്യ യാത്ര നടപ്പിലാക്കിയാല്‍ പ്രതിമാസ നഷ്ടം 57 കോടിയോളം എത്തും. സിറ്റി ഫാസ്റ്റ് ബസുകളില്‍ സൗജന്യം നല്‍കുന്നകാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ പ്രഖ്യാപനം കൂടി വന്നാല്‍ അധികച്ചിലവ് 65 കോടിയും ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് സൗജന്യമെങ്കില്‍ 90 കോടി രൂപയും വരുമാന നഷ്ടമുണ്ടാകും. കെ.എസ്.ആര്‍.ടി.സിയുടെ മുഴുവന്‍ ബസുകളിലുമായി പദ്ധതി നടപ്പിലാക്കിയാല്‍ നഷ്ടം 112 കോടി എത്തും. സാമ്പത്തിക സാഹചര്യം പരിഗണിച്ചുകൊണ്ടായിരിക്കും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക.