കെഎസ്ആര്‍ടിസി സ്ത്രീകള്‍ക്കായി പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന് പിന്നാലെ കടുത്ത സാമ്പത്തികനഷ്ടം നേരിടുന്ന സ്വകാര്യബസുകളില്‍ ഭൂരിഭാഗത്തിനും സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. ഈ സാഹചര്യം ഒഴിവാക്കുവാന്‍ ബസുകളെയും ജീവനക്കാരെയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
നിലവില്‍ 20 ശതമാനം മാത്രമുള്ള കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലൂടെ പരമാവധി 30 ശതമാനത്തില്‍ താഴെ സ്ത്രീകള്‍ക്കുമാത്രമേ സൗജന്യയാത്രയുടെ പ്രയോജനം കിട്ടൂ. കെഎസ്ആര്‍ടിസി ബസില്ലാത്ത റൂട്ടുകളിലെ 70 ശതമാനത്തില്‍ അധികം വരുന്ന, നിലവില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല. ഈ റൂട്ടുകളില്‍നിന്ന് കെഎസ്ആര്‍ടിസി ബസിനുവേണ്ടിയുള്ള ആവശ്യം ഉയരുമ്പോള്‍ സര്‍ക്കാര്‍ ഏതുവിധേനയും ബസുകള്‍ സര്‍വീസിനയയ്ക്കാന്‍ നിര്‍ബന്ധിതരാകും. ഇതുവഴി കെഎസ്ആര്‍ടിസിയുടെ നഷ്ടം വര്‍ധിക്കുകയും സ്വകാര്യമേഖല പൂര്‍ണമായി നശിക്കുകയും ചെയ്യുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

