സിലബസ് പരിഷ്‌കരിച്ചശേഷം എൽപി ക്ലാസുകളിലെ പാഠപുസ്തകവിതരണം ഇനിയും പൂർത്തിയായില്ല

സിലബസ് പരിഷ്‌കരിച്ചശേഷം എൽപി ക്ലാസുകളിലെ പാഠപുസ്തകവിതരണം ഇനിയും പൂർത്തിയായില്ല. രണ്ട്, നാല് ക്ലാസുകളിലെ ഇംഗ്ലീഷ്, അറബിക്, ഗണിതം ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങളാണ് ലഭിക്കാനുള്ളത്. ക്ലാസ് തുടങ്ങിയിട്ട് ഒരു മാസമായിട്ടും എൽപി സ്‌കൂൾ അധ്യാപകർ പുസ്തകത്തിനായി നെട്ടോട്ടമോടുകയാണ്.

പുസ്തകം ഉടൻ കിട്ടുമോ ഇല്ലയോ എന്നകാര്യത്തിലും വ്യക്തതയില്ല. പരാതിപ്പെട്ടിട്ടും കാര്യമുണ്ടാവുന്നില്ല. പല സ്കൂളുകളിലും ആവശ്യപ്പെട്ട പുസ്തകങ്ങളല്ല കിട്ടുന്നതെന്നും അധ്യാപകർ പറയുന്നു. ഒരു ക്ളാസിൽത്തന്നെ പുസ്തകം കിട്ടിയവരും കിട്ടാത്തവരുമുണ്ട്. എന്നാൽ, കഴിഞ്ഞവർഷത്തെ കുട്ടികളുടെ കണക്കനുസരിച്ചാണ് സ്കൂളുകളിൽനിന്ന് ഇൻഡൻഡ് തന്നതെന്നും അതനുസരിച്ച് പുസ്തകങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നു.

ഈ വർഷം പുതിയ അഡ്മിഷനിലൂടെ കുട്ടികളുടെ എണ്ണം കൂടിയ സ്കൂളിലാണ് പുസ്തകം കിട്ടാൻ ബാക്കിയുള്ളതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. മാറിയ പാഠഭാഗങ്ങൾ ഏതുരീതിയിലാണ് പഠിപ്പിക്കേണ്ടതെന്ന് മനസ്സിലാക്കാൻ അധ്യാപകർക്ക്‌ സഹായകമായ ഹാൻഡ് ബുക്കുകൾ രണ്ടുവർഷമായി വിദ്യാഭ്യാസവകുപ്പ് വിതരണംചെയ്തിട്ടില്ല. കഴിഞ്ഞവർഷം ഒന്ന്, മൂന്ന്, ഏഴ്, അഞ്ച്, ഒൻപത് ക്ലാസുകളിലെയും ഈവർഷം രണ്ടുമുതൽ പത്തുവരെയുള്ള ബാക്കി ക്ലാസുകളിലെയും പാഠഭാഗങ്ങളാണ് മാറിയത്. ഹാൻഡ്ബുക്കിന്റെ സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാണ് സർക്കാർ അധ്യാപകരോട് പറയുന്നത്.