സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കുറവിലങ്ങാട് കോഴായിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

കോട്ടയം സയൻസ് സിറ്റി സമയബന്ധിതമായി പൂർണ്ണസജ്ജമാക്കുമെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്തു പലവിധ അന്ധകാരങ്ങളും പടർന്നു വ്യാപിക്കുമ്പോൾ ശാസ്ത്രത്തിന്റെ പ്രസക്തി വീണ്ടും വർദ്ധിക്കുകയാണ്. ജാതിവാദത്തെ മുതൽ മന്ത്രവാദത്തെ വരെ എല്ലാ ജീർണതകളോടുംകൂടി തിരിച്ചുകൊണ്ടുവരാൻ ശ്രമം നടക്കുന്നു.

എല്ലാത്തരം ഇരുട്ടുകളെയും അകറ്റാനുള്ള ആയുധമാണു ശാസ്ത്രം. നവോത്ഥാന കാലത്തു തന്നെ ശാസ്ത്രത്തെ വാഴ്ത്തി സയൻസ് ദശകം എഴുതിയ ചരിത്രമാണു കേരളത്തിനുള്ളത്.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് ശാസ്ത്രത്തിനു പ്രസക്തിയേറുന്നത്. ഇതിനൊടൊപ്പം, കമ്യൂണിക്കേഷൻ രംഗം മുതൽ രോഗപ്രതിരോധം വരെയുള്ള കാര്യങ്ങളിൽ മനുഷ്യനു തുണയാവുന്നതും ശാസ്ത്രമാണ്. ശാസ്ത്രബോധമുള്ള പുതുതലമുറയെ നമുക്കു വളർത്തിയെടുക്കേണ്ടതുണ്ട്. അതിനടക്കം ഉപകരിക്കട്ടെ ഈ ശാസ്ത്ര കേന്ദ്രം എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

14.5 കോടി രൂപ ചെലവഴിച്ചാണ് സയൻസ് സിറ്റിയുടെ ഭാഗമായ സയൻസ് സെന്റർ സ്ഥാപിച്ചത്. ഇതിന്റെ പകുതി ചെലവ് സംസ്ഥാന സർക്കാരും പകുതി ചെലവ് കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. സഹകരണാത്മക ഫെഡറലിസത്തിന്റെ മറ്റൊരു മാതൃകയായി തീരുകയാണ് ഇത്. സയൻസ് സിറ്റി യാഥാർത്ഥ്യമാക്കുന്നതിൽ ജോസ് കെ. മാണി എം.പി.യുടെ ഇടപെടൽ എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.