നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാര്‍ട്ടാകും; ‘കീ ടു എന്‍ട്രന്‍സ്’ പോര്‍ട്ടലില്‍ മോക്ക് ടെസ്റ്റുകള്‍

മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) മോക്ക് ടെസ്റ്റുകള്‍ നടത്തുന്നു. ‘കീ ടു എന്‍ട്രന്‍സ്’ (Key to Entrance) പോര്‍ട്ടലില്‍ നീറ്റ് മോക്ക് ടെസ്റ്റുകള്‍ക്ക് ഏപ്രില്‍ 24 മുതല്‍ തുടങ്ങും. പരീക്ഷാ തയ്യാറെടുപ്പ് കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി, യഥാര്‍ത്ഥ പരീക്ഷാ സാഹചര്യത്തിലാണ് മോക്ക് ടെസ്റ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ നിന്നും ലഭിച്ച ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് entrance.kite.kerala.gov.in പോര്‍ട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ലോഗിന്‍ ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയോ നോഡല്‍ ടീച്ചറിനെയോ ബന്ധപ്പെടണം. മോക്ക് ടെസ്റ്റുകള്‍ക്കു പുറമെ വിവിധ വിഷയങ്ങള്‍ പരിശീലിക്കുന്നതിനു ഇരുപതിനായിരത്തിലധികം ചോദ്യങ്ങള്‍ അടങ്ങിയ പരിശീലന മൊഡ്യൂളുകള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിര്‍മ്മിതബുദ്ധി സഹായത്തോടെ നിരവധി പ്രാക്ടീസ് ചോദ്യങ്ങള്‍, വ്യക്തിഗത പഠന പിന്തുണ, വിഷയാനുസൃത പഠന സാമഗ്രികള്‍, അഡാപ്റ്റീവ് ലേണിംഗ് സൗകര്യങ്ങള്‍, പ്രകടന വിശകലനം എന്നിവയും പോര്‍ട്ടലിന്റെ ഭാഗമായുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും എന്‍ട്രന്‍സ് കോച്ചിംഗുകള്‍ക്ക് പോകുവാന്‍ അവസരം ഇല്ലാത്തതുമായ കുട്ടികള്‍ക്ക് എഐ അധിഷ്ഠിത പരിശീലനം സാധ്യമാക്കുന്ന കീ ടു എന്‍ട്രന്‍സിന്റെ ഭാഗമായി മെയ് 1 മുതല്‍ സി.യു.ഇ.ടി ടെസ്റ്റുകളും ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.