കണ്ണൂരില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കത്തിനശിച്ചു: ആര്‍ക്കും പരിക്കില്ല

കണ്ണൂര്‍ മട്ടന്നൂരില്‍ ഉംറ തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. അപകടം സംഭവിക്കുമ്പോള്‍ 42 തീര്‍ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

മാനന്തവാടിയില്‍ നിന്നും വീമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ബസ് ശിവപുരം ടൗണിലെത്തിയപ്പോള്‍ വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി തീര്‍ത്ഥാടകരെ പുറത്തിറക്കുകയായിരുന്നു. യാത്രികര്‍ തങ്ങളുടെ ലഗേജുകളുമായി പുറത്തിറങ്ങി. പിന്നാലെ വാഹനത്തില്‍ തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്നു തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു. തീപ്പിടുത്തത്തില്‍ ബസിന് സമീപമുണ്ടായിരുന്ന രണ്ടു കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. തീര്‍ത്ഥാടകരെ മറ്റൊരു വാഹനത്തില്‍ വിമാനത്താവളത്തില്‍ എത്തിച്ചു.