കൊച്ചി: സംസ്ഥാനത്തെ പൊതു ഇടങ്ങളിൽ രാഷ്ട്രീയ പാർട്ടികളടക്കം സ്ഥാപിച്ചിട്ടുള്ള അനധികൃത കൊടിതോരണങ്ങളും ബോർഡുകളും നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഈ സമയപരിധിക്കു ശേഷവും നിയമലംഘനങ്ങൾ തുടർന്നാൽ അത് സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി കണക്കാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടം
അനധികൃത ബോർഡുകളുടെയും കൊടികളുടെയും വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും കർശന മേൽനോട്ടം ഉണ്ടായിരിക്കണം. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുമ്പോൾ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
റിവ്യൂ ഹർജിയിൽ നടപടി
പൊതു ഇടങ്ങളിൽ അനധികൃത ബോർഡുകളും മറ്റും നിരോധിച്ച് ഹൈക്കോടതി 2024 മാർച്ച് 13-ന് ഉത്തരവിട്ടിരുന്നു. എന്നാൽ, നിയമലംഘനങ്ങൾ തുടരുകയാണെന്ന് കാണിച്ച് ആലുവ സ്വദേശി കെ.ടി. രാഹുൽ നൽകിയ റിവ്യൂ ഹർജിയാണ് കോടതി പരിഗണിച്ചത്.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കെതിരെ നടപടിയെടുക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നടപ്പാതകളിലും കൈവരികളിലുമടക്കം രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ നിറഞ്ഞിരിക്കുകയാണെന്ന് കേസിൽ അമിക്കസ്‌ക്യൂറിയായ അഡ്വ. ഹരീഷ് വാസുദേവൻ കോടതിയെ അറിയിച്ചു.
പിഴ ഈടാക്കുന്നത് പരിഗണിക്കും
കോടതി നിർദ്ദേശങ്ങൾ രണ്ടു ദിവസത്തിനകം എല്ലാ സെക്രട്ടറിമാരെയും ഇ-മെയിൽ വഴി അറിയിക്കുമെന്ന് സീനിയർ ഗവൺമെന്റ് പ്ലീഡർ ടി.എസ്. ശ്യാംപ്രസാദ് കോടതിയെ അറിയിച്ചു.
അനധികൃത ബോർഡുകൾ നീക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കുന്നത് രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കേസ് തുടർ നടപടികൾക്കായി ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.

