ഇ.ഡി ഉദ്യോഗസ്ഥരുടെ കാര്‍ തല്ലിത്തകര്‍ത്തു: 6 സി.പി.എം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ ആറ് പേര്‍ക്കെതിരെ കേസ്. പരിശോധന പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരുടെ കാറ് തല്ലിത്തകര്‍ത്ത സംഭവത്തിലാണ് കേസ്.

പിണറായി വിജയന്‍ തിരുവനന്തപുരത്ത് താമസിക്കുന്ന വസതിയിലാണ് ഇന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മാസപ്പടി കേസിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. പരിശോധനയുടെ വിവരം അറിഞ്ഞ് വീടിന്റെ പരിസരത്ത് സി.പി.എം പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. ഇതിനിടെ, പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയിരുന്നു. പിന്നാലെ ഇ.ഡി സംഘം വാഹനത്തില്‍ മടങ്ങാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്.