20 വര്‍ഷത്തെ ജയില്‍വാസം: റഹീം നാട്ടില്‍ മടങ്ങിയെത്തി

രണ്ട് പതിറ്റാണ്ടത്തെ സൗദി ജയില്‍ വാസത്തിന് ശേഷം മോചിതനായി ജന്മനാട്ടില്‍ തിരിച്ചെത്തി അബ്ദുള്‍ റഹീം. കരിപ്പൂര്‍ മാനത്താവളത്തിലെത്തിയ റഹീമിനെ സ്വീകരിക്കാന്‍ കുടുംബവും ബന്ധുക്കളും നാട്ടുകാരും ഒത്തുചേര്‍ന്നിരുന്നു.

2006ലാണ് സൌദി ബാലന്റെ മരണത്തെ തുടര്‍ന്ന് ഹൗസ് ഡ്രൈവര്‍ ആയിരുന്ന അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. പിന്നീട് കോടതി റഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചു. നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2024 ജൂലൈയില്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തു. അന്തരിച്ച ബാലന്റെ കുടുംബത്തിന് ദയാധനം നല്‍കി റഹീമിന് മോചനത്തിനുള്ള അവസരവും ഇതോടെ ഒരുങ്ങി. റഹീമിന്റെ മോചനത്തിനായി ലോക മലയാളികള്‍ 34 കോടി രൂപയാണ് സമാഹരിച്ചത്.