മഴക്കെടുതി: അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വെള്ളം കയറിയ വീടുകള്‍ക്ക് 10000 രൂപ വീതവും മഴക്കെടുതി മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതവും അടിയന്തിര ധനസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചു.

പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 6 ലക്ഷം രൂപ. പ്രളയത്തിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കും. മഴക്കെടുതി മൂലം 1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചെന്നും അതിനായി 6.44 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷിന് സംസ്ഥാനത്തിന്റെ ആദരം നല്‍കും. രാജേഷിന്റെ പൂര്‍ത്തിയാകാത്ത ഭവനനിര്‍മ്മാണം സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തും. മഴക്കെടുതിയില്‍ സംസ്ഥാനത്ത് 26 മരണങ്ങളും, 11 പേര്‍ക്ക് പരിക്കും 4 പേരെ കാണാതായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.