നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

2026ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വികൃതമാക്കുന്നതിനുമെതിരെ കർശന താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ. ഇലക്ഷൻ (ജനറൽ) വകുപ്പ് പുറപ്പെടുവിച്ച (നം-ഇ.എൽ.4/47/2026-ഇലക്ഷൻ) സർക്കുലർ പ്രകാരം, പ്രചാരണ രംഗത്തെ തെറ്റായ പ്രവണതകൾ ഒഴിവാക്കാൻ  സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

 ഫെബ്രുവരി 25ന് പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം, പൊതുവഴികളിലും സർക്കാർ സംവിധാനങ്ങളിലും ചിഹ്നങ്ങൾ വരയ്ക്കുന്നതും പോസ്റ്ററുകൾ പതിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച ‘Manual on Model Code of Conduct’-ന്റെ 12, 16 അധ്യായങ്ങളിലെ നിർദ്ദേശങ്ങളും, 2022 ഒക്ടോബർ 11-ലെ 437/6/ECI/INST/FUNCT/MCC/2022 നമ്പർ നിർദ്ദേശവും മുൻനിർത്തിയാണ് നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് തികച്ചും മാതൃകാപരമായ രീതിയിൽ നടത്തുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവർത്തനങ്ങൾക്ക് പുറമേ, രാഷ്ട്രീയ പാർട്ടികളുടേയും പൊതുജനങ്ങളുടേയും പൂർണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.