കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്

കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്. ദക്ഷിണ റെയിൽവേയുടെ നിർദേശ പ്രകാരം മെമു ഓടിക്കാൻ പരിശീലനം ലഭിച്ച ലോക്കോപൈലറ്റുമാരുടെ എണ്ണം ശേഖരിച്ചു. പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളിൽ 64 പേരും തിരുവനന്തപുരം ഡിവിഷനിൽ 76 പേരുമാണ് മെമു വണ്ടികൾ ഓടിക്കാൻ പരിശീലനം ലഭിച്ചിരിക്കുന്നത്. ഡിവിഷനുകൾ നൽകുന്ന കണക്കുകൾക്ക് ആനുപാതീകമായിരിക്കും ദക്ഷിണ റെയിൽവേ മെമു റേക്കിന്റെ എണ്ണവും റൂട്ടും അനുവദിക്കുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് പകരം മെമു ഓടിക്കാനുള്ള നിർദേശവും നൽകി. മെമു അറ്റകുറ്റപ്പണിക്കായി പാലക്കാട്, കൊല്ലം മെമു ഷെഡുകൾ വിപുലീകരിച്ചത് കേരളത്തിന് നേട്ടമായി. മെമുവിൽ ഒരു ലോക്കോപൈലറ്റു മാത്രമാണ് ഉള്ളത്. ഇതിന്റെ ലോക്കോഘടനയിലും മാറ്റമുണ്ട്. പാസഞ്ചർ/ചരക്കു വണ്ടി ഓടിക്കുന്നവർക്ക് ഒരുമാസം ചെന്നൈയിലാണ് മെമു പരിശീലനം നൽകുന്നത്. ഇപ്പോൾ തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള രണ്ടുപേർ പരിശീലനത്തിലാണ്. കേരളത്തിലേക്ക് വർഷങ്ങളായി പുതിയ ത്രീ ഫെയ്‌സ് മെമു റേക്ക് വന്നിട്ടില്ല. കണ്ണൂർ-മംഗളുരു 132 കിലോമീറ്ററിൽ ഒരു മെമു പോലും ഓടിക്കുന്നില്ല. തിരുവനന്തപുരം ഡിവിഷനിൽ നിന്ന് കുംഭമേളയ്ക്ക് പോയ മെമു റേക്ക് അതിനുശേഷം വാർഷിക അറ്റകുറ്റപ്പണിക്ക് ചെന്നൈയിലാണ്. പരമ്പരാഗത ഐസിഎഫ് കോച്ചുകളിലാണ് പല പാസഞ്ചർ വണ്ടികൾ ഓടുന്നത്. എന്നാൽ നിലവിൽ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പരമ്പരാഗത കോച്ചുകൾ നിർമ്മിക്കുന്നില്ല. അറ്റകുറ്റപ്പണിക്ക് പോയാൽ പകരം കിട്ടില്ല. കോച്ചുകൾ വെട്ടിക്കുറക്കും. ഷൊർണൂർ-മംഗളുരു സെക്ഷനിൽ മാത്രം 16 പാസഞ്ചർ സർവീസുകളുണ്ട്. ഈ വിഷയം എംപിമാർ ജനറൽ മാനേജരുടെ റെയിൽവേ യോഗത്തിൽ സൂചിപ്പിച്ചിരുന്നു.