മന്ത്രി സ്ഥാനം: യു.ഡി.എഫില്‍ ചര്‍ച്ചകള്‍ സജീവം

കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മറ്റ് മന്ത്രി സ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ യു.ഡി.എഫില്‍ സജീവമാകുന്നു. അഞ്ച് മന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ്. മുമ്പ് ചര്‍ച്ച ചെയ്ത വകുപ്പുകളില്‍ മാറ്റം വരുത്താനും സമ്മതിക്കില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.

ഇതിനിടെ മന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസിലെയും മറ്റ് ഘടകകക്ഷികളിലെയും നേതാക്കളും ആരംഭിച്ചിട്ടുണ്ട്. സുപ്രധാന മന്ത്രി സ്ഥാനങ്ങള്‍ വീതം വെയ്ക്കുന്നതിലെ തര്‍ക്കം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ലീഗ് നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം മന്ത്രിമാരെ തീരുമാനിക്കും. പി കെ കുഞ്ഞാലിക്കുട്ടി, പി. കെ. ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെ. എം. ഷാജി എന്നിവരാണ് ലഗില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നവര്‍.