മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും: നറുക്ക് വീഴുക ആര്‍ക്ക്

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്. നിലവില്‍ പരിഗണനയിലുള്ള മൂന്ന് പേരില്‍ ആരെ തിരഞ്ഞെടുക്കണമെന്ന ഹൈക്കമാന്റ് ചര്‍ച്ച നീണ്ടുപോയതാണ് തീരുമാനം വൈകാന്‍ കാരണം. ഘടകകക്ഷികളുടെ എതിര്‍പ്പും എം.എല്‍.എമാരുടെ താല്‍പര്യവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളും മാനിച്ചാകും നാളെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുക. പ്രഖ്യാപനം കേരളത്തില്‍ തന്നെ നടത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

102 സീറ്റുകളുടെ ചരിത്ര വിജയത്തിന്റെ പ്രഭ കെടുത്തുന്ന നടപടികളാണ് യു.ഡി.എഫ് നേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. മുന്നണിയിലെ മുഖ്യ ഘടകകക്ഷിയായ കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പിന് പിന്നാലെ മൂന്ന് ചേരികളിലായി തിരിയുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയായത്. ഇതോടെ നേതൃത്വത്തോട് കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതില്‍ ഘടകകക്ഷികളും അണികളും തെല്ലും മടികാണിക്കാത്ത രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. വിമര്‍ശനം രാഹുല്‍ ഗാന്ധിയിലേയ്ക്കും പ്രിയങ്ക ഗാന്ധിയിലേയ്ക്കും എത്തിയതും ഹൈക്കമാന്റിനെ വെട്ടിലാക്കി.