തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതിനാല്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ വകുപ്പുതല സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വിവിധ സര്‍ക്കാര്‍ മേഖലകളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് നടപടി. സ്കൂള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
പാഠപുസ്തക വിതരണം മെയ് 31 ഉള്ളില്‍ പൂര്‍ത്തിയാക്കാനാണ് യോഗ തീരുമാനം. മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും ഒരു കോടി രൂപ വീതം ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൂടാതെ ഇന്നലെ മങ്കടയില്‍ മിന്നലേറ്റ് മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണവും യോഗം പരിഗണിച്ചു.
സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് ഫയല്‍ നീക്കത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സുപ്രധാന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ എടുക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ മടി കാണിക്കുകയാണ്. പ്രസ്തുത വിഷയത്തില്‍ ഭാവിയില്‍ നേരിടേണ്ടിവന്നേക്കാവുന്ന വെല്ലുവിളികളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ കാത്തിരിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

